വേനൽമഴ: പൊന്നാനി കോളിൽ നെല്ലു വീഴ്ച

Mail This Article
പെരുമ്പടപ്പ് ∙ വേനൽമഴയിൽ പൊന്നാനി കോളിൽ കൊയ്യാറായ നെല്ലു വീഴുന്നു. കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ പെയ്യുന്നുണ്ടെങ്കിലും തുടർച്ചയായി പെയ്ത മഴയിലാണ് കോൾ മേഖലയിലെ തെക്കൻ മേഖലയിൽ കൊയ്തെടുക്കാറായ നെല്ലുകൾ വീണുതുടങ്ങിയത്. നേരത്തെ കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ നെല്ലാണ് പാടശേഖരങ്ങളിൽ വെള്ളക്കെട്ടിൽ കിടക്കുന്നത്. അടുത്ത ആഴ്ച കൊയ്യാനായി ഒരുക്കിയ പാടശേഖരങ്ങളിൽ തുടർച്ചയായി പെയ്ത മഴയാണ് കർഷകർക്ക് തിരിച്ചടിയായത്. മഴയോടൊപ്പം ഉണ്ടായ കാറ്റിൽ പെരുമ്പടപ്പ് നൂനക്കടവ് പാടശേഖരത്തെ ഏക്കർ കണക്കിന് നെല്ലാണ് വീണു കിടക്കുന്നത്.
കൊയ്ത്ത് ആരംഭിച്ച പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊയ്ത്തു യന്ത്രങ്ങൾക്കും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചെളിയിൽ താഴ്ന്നതിനാൽ ചില പാടശേഖരങ്ങളിലും കൊയ്ത്ത് തടസ്സപ്പെട്ടിരിക്കുകയാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതോടെ നൂറുകണക്കിന് കെട്ട് വൈക്കോലാണു നശിച്ചു കൊണ്ടിരിക്കുന്നത്. വൈകി കൃഷി ഇറക്കിയ പാടശേഖരങ്ങളിലും വെള്ളക്കെട്ട് ദുരിതം ഉണ്ടാക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലം പുറം കോളിലേക്ക് വെള്ളം പമ്പ് ചെയ്താണ് കർഷകർ പാടശേഖരത്തിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നത്.