വില ഇടിഞ്ഞു; കണിവെള്ളരി കർഷകർക്ക് നിരാശ

Mail This Article
കോലഞ്ചേരി ∙ വിഷു വിപണി ലക്ഷ്യമാക്കി വെള്ളരി കൃഷി നടത്തിയവർക്ക് കനത്ത നഷ്ടം. കണി വെള്ളരി കിലോഗ്രാമിന് 8 രൂപയായി വില ഇടിഞ്ഞു. തിരുവാണിയൂർ സ്വാശ്രയ കർഷക വിപണിയിൽ 6 മുതൽ 10 രൂപ വരെയായിരുന്നു ഇന്നലത്തെ വില. 20 രൂപയെങ്കിലും വില പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണിത്.വിലത്തകർച്ച നേരിടുമ്പോൾ വിപണിയിൽ നിന്ന് പച്ചക്കറി ഉൽപന്നങ്ങൾ വാങ്ങിയിരുന്ന ഹോർട്ടികോർപ്പിന് വെള്ളരി നൽകാനും കർഷകർക്കു പേടിയാണ്. കഴിഞ്ഞ വർഷം ഉൽപന്നങ്ങൾ നൽകിയ വകയിൽ 3.50 ലക്ഷത്തിൽ പരം രൂപ കർഷകർക്കു കിട്ടാനുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിൽ വാങ്ങിയ പച്ചക്കറിയുടെ വിലയാണ് കിട്ടാനുള്ളത്. കടം വാങ്ങിയും പാട്ടത്തിനെടുത്തുമാണ് മിക്ക കർഷകരും കൃഷി നടത്തുന്നത്. വിലയിടിവു മൂലം മുടക്കു മുതൽ പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.തമിഴ്നാട്ടിൽ നിന്നും കർണാടകയിൽനിന്നും വൻ തോതിൽ വെള്ളരി എത്തുന്നതാണ് വില ഇടിയാൻ കാരണം. ആഴ്ചകൾ കഴിഞ്ഞാലും കേടാകാതിരിക്കുമെന്നതാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വെള്ളരിയോട് കച്ചവടക്കാർക്കു പ്രിയം വർധിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് 30 മുതൽ 40 രൂപ വരെ വിലയ്ക്കാണ് വെള്ളരി കച്ചവടക്കാർ വിൽക്കുന്നത്.
വിഷുവിനോട് അനുബന്ധിച്ചു പച്ചക്കറികൾക്ക് വില ഉയരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. കുമ്പളം കിലോയ്ക്ക് 12രൂപയും പടവലത്തിന് 21രൂപയുമാണ് ലഭിച്ചത്. ചുരയ്ക്ക (20രൂപ), മാങ്ങ (25രൂപ), കപ്പ (20രൂപ) തുടങ്ങിയ ഉൽപന്നങ്ങൾക്കും വിലയിടിവാണ്. വേനൽക്കാലമായതിനാൽ പഴവർഗങ്ങൾക്കു താരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പൈനാപ്പിളിന് കിലോയ്ക്ക് 56രൂപയും ഏത്തക്കായയ്ക്കു 70 രൂപയും ഞാലിപ്പൂവന് 40 രൂപയുമാണ് വില.